Tuesday, November 20, 2007

ഫാമി മുയലും കുരങ്ങന്‍മാരും

രാവിലെ തോട്ടത്തില്‍ പോകാനിറങ്ങിയതാണ്‌ ഫാമി മുയല്‍. കരടിക്കുന്നിന്റെ ചരിവിലാണ്‌ ഫാമിയുടെ കാരറ്റ്‌ തോട്ടം. കുറെ നടക്കണം. പക്ഷേ ഫാമിക്ക്‌ ക്ഷീണം തോന്നറേയില്ല. ഇളംതണുപ്പത്ത്‌ ഇലകള്‍ക്കിടയിലൂടെ കാണുന്ന ഉദയസൂര്യനേയും നോക്കി നടക്കാന്‍ എന്തു രസമാണ്‌!


ഇന്നു കുറേ കാരറ്റ്‌ പറിക്കണം - ഫാമി കരുതി. അടുത്തയാഴ്ച മീനുവും മാലുവും വരും. അവര്‍ക്കു കൂടി കഴിക്കാനുള്ളത്‌ കരുതണമല്ലോ. കൂമന്‍കാട്ടിലെ അമ്മായിയുടെ മക്കളാണ്‌ മീനുവും മാലുവും. അവര്‍ വന്നാല്‍ പിന്നെ ഫാമിക്ക്‌ ഉത്സവം പോലെയാണ്‌. കളിയും ബഹളവുമായി നേരം പോകുന്നതറിയില്ല!


കരടിക്കുന്നിന്റെ ചുവട്ടിലുള്ള പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ താഴോട്ടിറങ്ങിയാല്‍ തോട്ടത്തില്‍ എളുപ്പമെത്താം. പക്ഷേ, ഫാമി ആ വഴി പോകാറില്ല. ആ പാറകള്‍ക്കിടയിലാണ്‌ മല്ലന്‍ മുള്ളന്‍പന്നിയുടെ ഗുഹ. മഹാദേഷ്യക്കാരനാണ്‌ മല്ലന്‍. മുന്നില്‍ ചെന്നുപെട്ടാല്‍ നല്ല കുത്ത്‌ കിട്ടിയതു തന്നെ!


മുളംകൂട്ടത്തിനിടയിലൂടെ ഫാമി കുന്നിന്‍ ചരിവിലേക്കിറങ്ങി. ഇനി നീര്‍ചാല്‍ കൂടിക്കടന്നാല്‍ തോട്ടത്തിലേക്ക്‌ കയറാം. നീര്‍ചാലിലെ വെള്ളത്തിന്‌ നല്ല തണുപ്പ്‌. വെള്ളത്തിലൂടെ ഊളിയിടുന്ന പരല്‍മീനുകള്‍ കാലില്‍ വന്നു തൊടുമ്പോള്‍ ഫാമിക്ക്‌ ഇക്കിളിയായി.

തോട്ടത്തില്‍ എന്തോ ശബ്ദം കേള്‍ക്കുന്നു. ഫാമി തോട്ടത്തിലേക്ക്‌ ഓടിക്കയറി. അവിടുത്തെ കാഴ്ച കണ്ട്‌ അവള്‍ തലയില്‍ കൈ വച്ചുപോയി. തോട്ടത്തില്‍ പങ്കന്‍ കുരങ്ങനും കൂട്ടുകാരും. കാരറ്റ്‌ ചെടികള്‍ പിഴുത്‌ അങ്ങോട്ടുമിങ്ങോട്ടും എറിഞ്ഞുകളിക്കുകയാണവര്‍. ഇവന്‍മാര്‍ തോട്ടം നശിപ്പിച്ചതുതന്നെ - ഫാമി കരുതി. കുറച്ചുകാലമായി ഈ വികൃതിക്കുരങ്ങന്‍മാരുടെ ശല്യമില്ലായിരുന്നു. നാട്ടില്‍ നിന്ന് നായാട്ടുകാര്‍ വന്നപ്പോള്‍ പേടിച്ച്‌ എല്ലാവരും കൂമന്‍കാട്ടിലേക്ക്‌ ഓടിപ്പോയതായിരുന്നു. ഇനിയിപ്പോള്‍ ഉപദ്രവം തന്നെ.


പങ്കന്‍ ഒരുമരത്തിന്റെ ചുവട്ടില്‍ കാരറ്റ്‌ കടിച്ചുതുപ്പിക്കൊണ്ടിരിക്കുന്നു. "എന്താ നിനക്കിവിടെക്കാര്യം?" ഫാമിയെ കണ്ടപ്പോള്‍ പങ്കന്‍ വിളിച്ചു ചോദിച്ചു.
"ഇതെന്റെ തോട്ടമാ. ദയവായി അത്‌ നശിപ്പിക്കല്ലേ", ഫാമി പറഞ്ഞു.
"നിന്റെ തോട്ടമോ? തടി കേടാകേണ്ടെങ്കില്‍ വേഗം സ്ഥലംവിട്ടോ", പങ്കന്‍ ഫാമിയെ വിരട്ടി.
"ചേട്ടാ നിങ്ങള്‍ക്ക്‌ കാരറ്റ്‌ കൊണ്ട്‌ ഒരു പ്രയോജനവും ഇല്ലല്ലോ."
"നിന്നോടല്ലേ പോകാന്‍ പറഞ്ഞത്‌" പങ്കന്‍ ഒരു കാരറ്റ്‌ ചെടി പിഴുത്‌ ഫാമിയെ എറിഞ്ഞു. അവള്‍ ഒഴിഞ്ഞുമാറിയതിനാല്‍ ദേഹത്ത്‌ കൊണ്ടില്ല.


ഇനിയവിടെ നിന്നിട്ട്‌ കാര്യമില്ലെന്ന് ഫാമിക്ക്‌ മനസ്സിലായി. അവള്‍ തിരിച്ചുനടന്നു. കാരറ്റ്‌ പറിക്കാന്‍ കഴിയാത്തതില്‍ അവള്‍ക്ക്‌ വിഷമം തോന്നി. നാളെ കുറച്ചുകൂടി നേരത്തേ വരണം - ഫാമി കരുതി.


ഫാമി വഴിയിലേക്ക്‌ കയറുമ്പോള്‍ എലിഫന്റന്‍ ആന എതിരേ വരുന്നു. ഫാമിയുടെ അടുത്ത കൂട്ടുകാരനാണ്‌ എലിഫന്റന്‍. അവനെ കണ്ടപ്പോള്‍ ഫാമിക്ക്‌ സന്തോഷമായി.

"എന്തുപറ്റി ഫാമീ. ഇന്ന് കാരറ്റ്‌ പറിച്ചില്ലേ?, എലിഫന്റന്‍ ചോദിച്ചു.
"തോട്ടത്തില്‍ ആ പങ്കനും കൂട്ടുകാരും ഇറങ്ങിയിട്ടുണ്ട്‌."
"ആ വികൃതിക്കുരങ്ങന്‍മാര്‍ വീണ്ടും ശല്യം തുടങ്ങിയോ?" ഒന്നാലോചിച്ചിട്ട്‌ എലിഫന്റന്‍ പറഞ്ഞു: "ഒരു വഴിയുണ്ട്‌. അതൊന്നു നോക്കാം.".

എലിഫന്റന്‍ പറഞ്ഞ വഴി കൊള്ളാമെന്ന് ഫാമിക്കും തോന്നി.


പിറ്റേന്ന് ഫാമി അതിരാവിലെ തോട്ടത്തിനടുത്തെത്തി. എലിഫന്റന്‍ അവിടെ കാത്തുനില്‍പുണ്ടായിരുന്നു."ഞാന്‍ ഒളിച്ചുനില്‍ക്കാം".
എലിഫന്റന്‍ പാറക്കൂട്ടത്തിന്റെ പിറകിലേക്ക്‌ പോയി. ഫാമി തോട്ടത്തിലേക്ക്‌ കയറി. പങ്കനും കുട്ടുകാരും എത്തിയിട്ടുണ്ട്‌. ഫാമിയെ കണ്ടപ്പോള്‍ പങ്കന്‌ ദേഷ്യം വന്നു:
"നീ വീണ്ടും വന്നോ?" അവന്‍ ഫാമിയോട്‌ ചോദിച്ചു.
"ചേട്ടനെന്തിനാ ഈ രുചിയില്ലാത്ത കാരറ്റ്‌ തിന്നുന്നത്‌?" ഫാമി പറഞ്ഞു. "ഞാന്‍ നല്ല വാഴപ്പഴം കൊണ്ടുവന്നിട്ടുണ്ട്‌. അത്‌ കഴിച്ചാല്‍ പോരേ."
വാഴപ്പഴം എന്നു കേട്ടപ്പോള്‍ പങ്കന്റെ വായില്‍ വെള്ളമൂറി.
"എവിടെ വാഴപ്പഴം? വേഗമെടുക്ക്‌", അവന്‍ പറഞ്ഞു.
"അപ്പുറത്തെ ഗുഹയില്‍ ഇരിപ്പുണ്ട്‌. ഏല്ലാവരും കൂടെ വന്നാല്‍ അവിടിരുന്ന് സൗകര്യമായി കഴിക്കാമല്ലോ.
"
"ഏല്ലാവരും വരിന്‍", പങ്കന്‍ കൂട്ടുകാരെ വിളിച്ചു.


ഫാമി പാറക്കൂട്ടത്തിനടുത്തുള്ള ഗുഹയിലേക്ക്‌ നടന്നു; പിറകേ കുരങ്ങന്‍മാരും.ഗുഹയുടെ അടുത്തെത്തിയപ്പോള്‍ ഫാമി പറഞ്ഞു: "ചേട്ടാ, പഴം അകത്തിരുപ്പുണ്ട്‌. എടുത്ത്‌ കഴിച്ചോളൂ."


അതു കേട്ടതോടെ കുരങ്ങന്‍മാര്‍ ഗുഹയിലേക്ക്‌ ഇടിച്ചുകയറി. എല്ലാവരും കയറിക്കഴിഞ്ഞപ്പോള്‍ എലിഫന്റന്‍ ഗുഹയ്ക്കടുത്തെത്തി. അവന്‍ ഒരു വലിയ പാറ ഉരുട്ടിക്കൊണ്ടുവന്ന് ഗുഹയുടെ വാതിലടച്ചു.മല്ലന്‍ മുള്ളന്‍പന്നിയുടെ ഗുഹയായിരുന്നു അത്‌. ഇരുട്ടില്‍ തപ്പിത്തടഞ്ഞ പങ്കനും കൂട്ടരും അബദ്ധത്തില്‍ ചവിട്ടിയത്‌ ഉറങ്ങിക്കിടന്ന മല്ലന്റെ പുറത്താണ്‌. പിന്നത്തെ കാര്യം പറയാനുണ്ടൊ! ചാടിയെഴുന്നേറ്റ മല്ലന്‍ കുരങ്ങന്‍മാരെ തലങ്ങുംവിലങ്ങും കുത്താന്‍ തുടങ്ങി. കുരങ്ങന്‍മാര്‍ വേദനകൊണ്ട്‌ നിലവിളിച്ചു: "അയ്യോ! രക്ഷിക്കണേ."

"ഇനിയെന്റെ തോട്ടത്തില്‍ കയറുമോ?", ഫാമി പുറത്തുനിന്ന് വിളിച്ചുചോദിച്ചു.
"ഇനി ഒരിക്കലും കയറില്ലേ. ഞങ്ങളെ തുറന്നു വിടണേ.", കുരങ്ങന്‍മാര്‍ കരഞ്ഞുകൊണ്ട്‌ പറഞ്ഞു.


എലിഫന്റന്‍ ഗുഹയുടെ വാതില്‍ മൂടിയിരുന്ന പാറ എടുത്തുമാറ്റി. കുരങ്ങന്‍മാര്‍ നിലവിളിച്ചുകൊണ്ട്‌ പുറത്തേക്ക്‌ ഓടി. പിറകേ മല്ലനും.അതുകണ്ട്‌ ഫാമിയും എലിഫന്റനും പൊട്ടിച്ചിരിച്ചു.

Saturday, November 3, 2007

പെന്‍സിലും ഇറേസറും

ഫാമിയുടെ പെന്‍സില്‍ബോക്സിലായിരുന്നു പെന്‍സിലും ഇറേസറും താമസിച്ചിരുന്നത്‌. മഹാവികൃതിയായിരുന്നു ഇറേസര്‍; പെന്‍സിലാകട്ടെ വെറും പാവവും.
ഒരു ദിവസം പെന്‍സില്‍ ഒരു പൂവിന്റെ പടം വരച്ചു. ഉടനേ ഇറേസര്‍ ഓടിവന്ന് അതു മായിക്കാന്‍ തുടങ്ങി. "നല്ല പടമല്ലേ ഇറേസറേ. അതു മായിക്കല്ലേ", പെന്‍സില്‍ കരഞ്ഞുപറഞ്ഞു. വികൃതിയായ ഇറേസറുണ്ടോ കേള്‍ക്കുന്നു! അവന്‍ പടം മുഴുവന്‍ മായിച്ചുകളഞ്ഞു. പെന്‍സില്‍ പിന്നെ വരച്ചത്‌ ഒരു കിളിയെയാണ്‌. ഇറേസര്‍ അതും മായിച്ചു.
ഇത്രയുമായപ്പോള്‍ പെന്‍സിലിന്‌ ദേഷ്യം വന്നു. ഈ അഹങ്കാരി ഇറേസറിനെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ കാര്യം - പെന്‍സില്‍ കരുതി. അവന്‍ പോയി ഉണ്ണിയുടെ പെന്‍സില്‍ബോക്സിലുള്ള തന്റെ കൂട്ടുകാരന്‍ പേനയെ വിളിച്ചു കൊണ്ടുവന്നു.
പേന ഒരു പൂവിന്റെ പടം വരച്ചു. ഇറേസര്‍ ഉടനേ അത്‌ മായിക്കാനായി ഓടിവന്നു. എത്ര ശ്രമിച്ചിട്ടും ഇറേസറിന്‌ പടം മായിക്കാന്‍ കഴിഞ്ഞില്ല. അവന്റെ കൈ വേദനിച്ചത്‌ മാത്രം മെച്ചം!
രക്ഷയില്ലെന്നു കണ്ടപ്പോള്‍ ഇറേസര്‍ നാണിച്ചു സ്ഥലം വിട്ടു.